സ്വർണത്തിനായി വൃദ്ധയെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ പ്രതി പതിനേഴുകാരി; കൊല നടത്തിയത് കാമുകനൊപ്പം ജീവിക്കാന്‍
കോയമ്പത്തൂർ: സ്വർണത്തിനുവേണ്ടി 76 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 17 കാരിയായ പ്ലസ്ടു വിദ്യാർത്ഥിനി അറസ്റ്റിൽ. പരേതനായ സദാശിവത്തിന്റെ ഭാര്യ നാഗലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.മകന് സെന്തിലിനൊപ്പമായിരുന്നു നാഗലക്ഷ്മി താമസിച്ചിരുന്നത്. സെന്തിൽ പുറത്തുപോയപ്പോഴാണ് വിദ്യാർത്ഥിനി കൊല നടത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.നാഗലക്ഷ്മിയുടെ മകൾ ശാന്ത വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല നടന്ന സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് സംശയം തോന്നിയതിനാൽ അയൽവാസിയായ പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.കാമുകനെ വിവാഹം കഴിച്ച് ജീവിക്കാന്‍ വേണ്ടിയാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടി കുറ്റസമ്മതം നടത്തി. പ്രതിയില്‍ നിന്ന് 20 പവന് സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.