യുഡിഎഫ് കൗൺസിലർമാർക്കെതിരെ വധശ്രമമുണ്ടായിട്ടില്ല, തൃശ്ശൂർ മേയർക്കെതിരായ കേസ് റദ്ദാക്കും
തൃശൂർ: യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കും. പരാതിയിൽ കഴമ്പില്ലെന്നും കൗൺസിലർമാർക്കെതിരെ വധശ്രമം നടന്നിട്ടില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേയർ എം കെ വർഗീസിനെതിരായ വധശ്രമക്കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
മേയർ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മേയർ എംകെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ കൊലപാതക ശ്രമത്തിനാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നത്. ഐപിസി 308 , 324 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എഫ്ഐആറിട്ട കേസാണ് കഴമ്പില്ലെന്ന് തെളിഞ്ഞതോടെ റദ്ദാക്കുന്നത്.
കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ച് തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവമുണ്ടായത്. കൌൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൌൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു. ഇതിനിടെ പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായാണ് കൗൺസിലർമാർ പൊലീസിൽ പരാതി നൽകിയത്.