നേതാക്കൾ ശ്രമിക്കുന്നത് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ; രൂക്ഷ വിമർശനവുമായി കെ വി തോമസ്
കൊച്ചി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് ക്ഷണിക്കാത്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുധാകരന് അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ ശ്രമം തന്നെ പുറത്താക്കുക എന്നതാണ്. സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.
ഒരു അച്ചടക്ക നടപടിയും തനിക്കെതിരെ ആരംഭിച്ചിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസ് മാത്രമേ തന്നിട്ടുള്ളൂ. നോട്ടീസിന് ഇ-മെയില്‍ മുഖേന മറുപടി നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ ആയും അയച്ചു. എന്നിട്ടും കോണ്‍ഗ്രസ് യോഗത്തിലേക്ക് എന്തുകൊണ്ട് തന്നെ ക്ഷണിച്ചില്ലെന്ന് കെ വി തോമസ് ചോദിക്കുന്നു.
തന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നു. തന്നെ യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് അറിയാമായിരുന്ന നേതാക്കള്‍ ആരും ഇക്കാര്യം സുധാകരനോട് ചോദിച്ചില്ലെന്നും തോമസ് ചൂണ്ടിക്കാട്ടി. ആരൊക്കെ എത്ര ശ്രമിച്ചാലും മനസ് കൊണ്ടും ശരീരംകൊണ്ടും താന്‍ കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.