ന്യൂഡല്‍ഹി : മഹാരാഷ്ട്രയ്ക്ക് പിന്നാലെ ജാർഖണ്ഡില്‍ കൂടി ബിജെപിയെ ജനങ്ങള്‍ ഭരണത്തില്‍ നിന്ന് പുറന്തള്ളിയതോടെ രാജ്യത്ത് ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാരുകളുടെ എണ്ണം പതിനാറായി കുറഞ്ഞു. ബിജെപിയെ പുറത്താക്കി മഹാസഖ്യ സർക്കാർ ജാർഖണ്ഡില്‍
അധികാരത്തിലെത്തുന്നതോടെ രാജ്യത്തെ 58 ശതമാനം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബിജെപി ഇതര പാർട്ടികളുടെ കയ്യിലായി. ഇപ്പോള്‍ ബിജെപി യോ ബിജെപി സഖ്യമോ ഭരിക്കുന്ന 16 ല്‍ ഏഴും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും അടക്കമുള്ള ചെറിയ സംസ്ഥാനങ്ങളാണ്. വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ പലതിലും അവിടുത്തെ പ്രബല പ്രാദേശിക കക്ഷികളുടെ ഒപ്പം ജൂനിയര്‍ പാർട്ണറായാണ് ബിജെപി ഭരിക്കുന്നത്.
ഇതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ തന്നെ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ബിജെപി ഭരണ സംസ്ഥാനങ്ങളിൽ 42 ശതമാനത്തിൽ താഴെ ജനങ്ങൾ മാത്രമാണ് ഉള്ളത്. 2017നെ അപേക്ഷിച്ച് വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോഡി സർക്കാർ 2014 ൽ അധികാരത്തിൽ വന്ന ശേഷം ബിജെപി നിരവധി സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചിരുന്നു. ഉത്തർപ്രദേശിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയതോടെ ബിജെപി ഏറ്റവും ഉയരത്തിലെത്തി. ഇന്ത്യയിലെ 71 ശതമാനം ജനസംഖ്യയുടെ ഭരണം അന്ന് ബിജെപിക്കു കീഴിലായിരുന്നു.അവിടെ നിന്നാണ് ഈ നിലംപതിയ്ക്കല്.
കഴിഞ്ഞ ഒക്ടോബറിൽ കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങൾ പിടിച്ചതോടെയാണ് ആ സ്വാധീനം ഇടിഞ്ഞു തുടങ്ങിയത്. മഹാരാഷ്ട്ര കൂടി പ്രതിപക്ഷത്തേക്ക് പോയതോടെ ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 16 ആയും കുറഞ്ഞു. ഇതിൽ ആറെണ്ണം ചെറിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ്.ഉത്തർപ്രദേശും ബിഹാറും കർണ്ണാടകയും ഗുജറാത്തുമാണ് ബിജെപി സഖ്യത്തിന് കീഴിലുള്ള വലിയ സംസ്ഥാനങ്ങൾ. എന്നാൽ മഹാരാഷ്ട്രയ്ക്കൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങി കൂടുതൽ വലിയ സംസ്ഥാനങ്ങൾ ബിജെപി ഇതര പക്ഷത്തുണ്ട്.ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം അടുത്ത വർഷം നടക്കുന്ന ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമോ എന്ന ഭയം ബിജെപിയ്ക്കുണ്ട്. പ്രത്യേകിച്ച് ബീഹാര്‍ ജാർഖണ്ഡിനോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമായതാണ് അവരെ കൂടുതല്‍ പേടിപ്പിക്കുന്നത്.