ഉപതെരഞ്ഞെടുപ്പ് : അഞ്ചില്‍ അഞ്ചും തോറ്റ് ബി.ജെ.പിക്ക് സമ്പൂര്‍ണപരാജയം
ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലായി ഒരു ലോക്സഭാ സീറ്റിലേക്കും നാല് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു സമ്പൂര്‍ണപരാജയം. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിഹാറില്‍ ആര്.ജെ.ഡിയും ഛത്തിസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമാണു ബി.ജെ.പി. സ്ഥാനാര്‍ഥികളെ തറപറ്റിച്ചത്.
ബംഗാളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ അസന്‍സോള്‍ ലോക്സഭാമണ്ഡലം മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്നന്‍ സിന്‍ഹ പിടിച്ചെടുത്തു. സിന്‍ഹ ബി.ജെ.പി. വിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാബുല്‍ സുപ്രിയോ ബി.ജെ.പി. വിട്ട് ടി.എം.സിയില്‍ ചേര്ന്നതിനേത്തുടര്ന്ന് ലോക്സഭാംഗത്വം രാജിവച്ചതോടെയാണ് അസന്‍സോളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. അസന്സോളിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ബാലിഗഞ്ച് നിയമസഭാമണ്ഡലം ബാബുല്‍ സുപ്രിയോയിലൂടെ ടി.എം.സി. നിലനിര്‍ത്തി. 50 ശതമാനത്തിലേറെ വോട്ട് നേടിയ സുപ്രിയോ ബി.ജെ.പിയുടെ കേയ ഘോഷിനെയാണു പരാജയപ്പെടുത്തിയത്. ബിഹാറില്‍ ബോച്ചാഹാന്‍ നിയമസഭാമണ്ഡലത്തില്‍ ആര്.ജെ.ഡി. യുടെ അമര്‍ പാസ്വാന് 35,000-ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ ബേബി കുമാരിയെ തോല്പിച്ചത്. ഛത്തിസ്ഗഡിലെ ഖൈരാഗഡ് സീറ്റ് ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഡ്(ജെ) പാര്‍ട്ടിയില്‍നിന്നു പിടിച്ചെടുത്തു. മഹാരാഷ്ട്രയില്‍ കോലാപുര്‍ നോര്‍ത്ത് നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ ജയശ്രീ ജാദവാണ് ബി.ജെ.പിയുടെ സത്യജിത് കദമിനെ തോല്‍പ്പിച്ചത്.