അക്രമങ്ങൾക്ക് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള വർഗീയ ശക്തികൾ, അവർ ലക്ഷ്യമിടുന്നത് വർഗീയ വിഭജനം സൃഷ്ടിക്കൽ; പ്രതികരിച്ച് എംബി രാജേഷ്
പാലക്കാട്: കേരളത്തിൽ സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെന്ന് സ്പീക്കർ എം ബി രാജേഷ്. സംസ്ഥാനത്തെ സമാധാന അന്തരീഷം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള വർഗീയ ശക്തികളാണെന്നും, വർഗീയ വിഭജനം സൃഷ്ടിക്കാനാണ് അവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രാജേഷിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കേരളത്തിൽ സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങൾ. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീഷം അട്ടിമറിക്കാനാണ് ശ്രമം. ആലപ്പുഴയിൽ ആ ശ്രമം നടത്തി പരാജയപ്പെട്ടപ്പോൾ മറ്റൊരു സ്ഥലം തെരഞ്ഞെടുത്തിരിക്കയാണ്.
വ്യാപകമായി സംഘർഷമുണ്ടാക്കാനുള്ള നീക്കമാണിത്. ഇതിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള വർഗീയ ശക്തികളാണ്. വർഗീയ വിഭജനം സൃഷ്ടിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. മറ്റെല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ട് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാതെ വന്നപ്പോൾ, വർഗീയ വിഭജനം തീവ്രമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ്. ഇവർ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കൊല്ലാനും മരിക്കാനും തയാറുള്ള സംഘങ്ങളെ പരിശീലനത്തിലൂടെ വാർത്തെടുത്തിരിക്കയാണ്.
പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം തന്നെ, സമാധാന കാംക്ഷികളായ ജനങ്ങൾ ഒന്നടങ്കം മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിത്തറയിൽ ഉറച്ചു നിന്നുകൊണ്ട് ഇവരെ ഒറ്റപ്പെടുത്താൻ രംഗത്തിറങ്ങണം.