കെ.എസ്.ഇ.ബി. ചെയര്‍മാനെതിരേ പടമുറുകി , 19-ന് വൈദ്യുതിഭവന് ‘വളയും’
തിരുവനന്തപുരം : സര്‍ക്കാരും കൈവിട്ടതോടെ കെ.എസ്.ഇ.ബിയില്‍ സമരം കടുപ്പിക്കാനൊരുങ്ങി സി.പി.എം. അനുകൂലസംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്. രണ്ടാഴ്ചയായി വൈദ്യുതിഭവനു മുന്നില്‍ സമരം നടത്തിയിട്ടും വകുപ്പുമന്ത്രിയോ ബോര്‍ഡ് ചെയര്‍മാനോ വകവയ്ക്കാത്ത സാഹചര്യത്തിലാണിത്.
സമരക്കാര്‍ വെറുതേ വെയിലത്തും മഴയത്തും നില്ക്കേണ്ടെന്നാണു ചെയര്മാന് കഴിഞ്ഞദിവസം പരിഹസിച്ചത്. സമരനേതാക്കളെ സ്ഥലംമാറ്റിയതും സംഘടനയെ ചൊടിപ്പിച്ചു. 19-നു വൈദ്യുതിഭവന് വളഞ്ഞ് ഉപരോധിക്കുമെന്നാണു പ്രഖ്യാപനം.
നാളെ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തുമെന്ന വിവരം അസോസിയേഷനെ അറിയിച്ചിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. സ്ഥലംമാറ്റങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നു പ്രഖ്യാപിക്കുമ്പോഴും സി.പി.എം. ഇടപെടലിലൂടെ എങ്ങനെയും തലയൂരാനുള്ള ശ്രമവും നടക്കുന്നുണ്ട്. സി.പി.എം. നിര്‍ദേശപ്രകാരം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാളെ ചര്‍ച്ച നടത്തിയേക്കുമെന്നു സൂചനയുണ്ടെങ്കിലും സമരക്കാരെ ഇതുവരെ അറിയിച്ചിട്ടില്ല.