ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പ്രക്ഷോഭത്തിനിടെ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ നിരോധിത ജമാഅത്തെ ഇസ്ലാമി ജമ്മുകശ്മീര്‍ സംഘടനയിലെ പ്രവര്ത്തകന് ഉത്തര്‍പ്രദേശ് ജയിലില്‍ മരണമടഞ്ഞു. കരുതല്‍ തടങ്കലിലായിരുന്ന ഗുഗുലാം മുഹമ്മദ് ഭട്ട് ആണ് മരിച്ചത്. ജൂലായില്‍ അറസ്റ്റിലായ ഗുലാം മുഹമ്മദ് ഭട്ടിനെ പിന്നീട് ഉത്തര്‍പ്രദേശിലെ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയിരുന്നു. കശ്മീര്‍ താഴ്വരയ്ക്കു പുറത്തുള്ള ജയിലില്‍ കരുതല്‍ തടങ്കലില്‍ മരണപ്പെടുന്ന ആദ്യത്തെ ആളാണ് ഗുലാം ഭട്ട്.
ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനു പിന്നാലെ കശ്മീര്‍ താഴ്വരയില് നിന്നും 600 ഓളം പേരെയാണ് പൊതുസുരക്ഷാ നിയമം പ്രകാരം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ 200 ഓളം പേരെ കശ്മീരിനു പുറത്തുള്ള ജയിലുകളിലേക്കാണ് മാറ്റിയത്. യു.പിയിലെ ജയിലിലാണ് കൂടുതല്‍ പേരെയും പാര്‍പ്പിച്ചിരിക്കുന്നത്.
പ്രയാഗ്രാജിലെ നൈനി ജയിലിലായിരുന്നു ഗുലാം മുഹമ്മദ് ഭട്ടിനെ പാര്‍പ്പിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗുലാമിന്റെ മൃതദേഹം കുപ്വാരയിലെ കുലഗാമില് ഞായറാഴ്ച വൈകിട്ട് സംസ്കരിച്ചതായും അധികൃതര്‍ അറിയിച്ചു. 60കാരനായ ഭട്ട് വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ശാരീരകമായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് ജയിലില്‍ എത്തിയ താന്‍ കേള്‍ക്കുന്നത് പിതാവിന്റെ മരണവാര്‍ത്തയാണെന്ന് മകന് ഹനീഫ് മുഹമ്മദ് പറഞ്ഞു. ഗുലാമിന് സുഖമില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചപ്പോള്‍ നാട്ടിലെത്തില് തിരിച്ചെത്തിക്കണമെന്നും ചികിത്സ കുടുംബം നടത്തിക്കൊള്ളാമെന്നും പോലീസിനെ അറിയിച്ചിരുന്നതായും ഹനീഫ് വ്യക്തമാക്കി.