ഞങ്ങൾ എപ്പോഴും സമാധാനത്തിന്റെ കൂടെയാണ്, കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന് രാഷ്ട്രീയ സഹായം കിട്ടുന്നുണ്ടെന്ന ആരോപണവുമായി കെ സുരേന്ദ്രൻ
പാലക്കാട്: കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന് രാഷ്ട്രീയ സഹായം കിട്ടുന്നുണ്ടെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ശ്രീനിവാസന്റെ സംസ്കാര ചടങ്ങിന് ശേഷം പറയുമെന്നും അദ്ദേഹം പാലക്കാട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
“പോപ്പുലർ ഫ്രണ്ടിന് തുണയാകുന്നത് സർക്കാർ നിലപാടുകളാണ്. ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന പൊലീസ് പരാജയമാണ്. അന്ന് സഞ്ജിത്തിന്റെ കൊലയാളികളെ സഹായിക്കുന്ന നിലപാട് സർക്കാർ എടുത്തു. കേരളത്തിൽ മാത്രമാണ് പോപ്പുലർ ഫ്രണ്ടിന് ഇതുപോലെ പരസ്യമായ രാഷ്ട്രീയ പിന്തുണ കിട്ടുന്നത്. ആരെയാണ് സ്പീക്കറും സിപിഎം നേതാക്കളും ഉപദേശിക്കുന്നത്.
എസ് ഡി പി ഐ എന്നു പറയുന്നത് രാജ്യത്തെ ഏറ്റവും വലിയ മതഭീകര സംഘടനയാണ്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന സംഘടനയാണ്.ഏകപക്ഷീയമായിട്ടുള്ള ആക്രമണമാണ് നടന്നത്. പോപ്പുലർ ഫ്രണ്ടിനോട് കേരള ഗവൺമെന്റിനുള്ള നിലപാടെന്താണെന്നാണ് ഞാൻ ചോദിക്കുന്നത്. അത് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകട്ടെ. ഞങ്ങൾ എപ്പോഴും സമാധാനത്തിന്റെ കൂടെയാണ്. സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് ബി ജെ പി. അതൊരു ദൗർബല്യമായി കണക്കാക്കി മെക്കിട്ടുകേറുകയാണ്.”-സുരേന്ദ്രൻ പറഞ്ഞു.