ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് ക്ഷേത്രപ്പറമ്പിൽ വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം കൂടുന്നു
കണ്ണൂർ: ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് ക്ഷേത്രപ്പറമ്പിൽ വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ പയ്യന്നൂർ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചത്.
ഏപ്രിൽ 14 മുതൽ 19 വരെയാണ് ഉത്സവം. ഈ സമയത്ത് മുസ്ലീങ്ങൾ ക്ഷേത്രപ്പറമ്പിൽ പ്രവേശിക്കുന്നതിനെയാണ് വിലക്കിയത്. മലബാറിലെ കളിയാട്ട കാവുകളിൽ ജാതിമതങ്ങൾക്ക് അതീതമായി ജനങ്ങൾ ഒത്തുകൂടാറുണ്ടായിരുന്നു. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനരീതിയിൽ ബോർഡുകൾ സ്ഥാപിച്ചിരുന്നു.
ക്ഷേത്രം ഭാരവാഹികളുടെ വിവേചനപരമായ നിലപാടിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇത്തരത്തിൽ വർഷങ്ങളായി ബോർഡുകൾ സ്ഥാപിക്കാറുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് ക്ഷേത്രം കമ്മിറ്റി നൽകുന്ന വിശദീകരണം.