രാജ്യത്ത് കൊവിഡ് രോഗികൾ കൂടുന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ നേരിയ തോതിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസത്തെക്കാൾ 17 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 1,150 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 175 കേസുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കൊവിഡ് സ്ഥിരീകരണ കണക്ക് 975 ആയിരുന്നു. രാജ്യത്ത് നിലവിൽ 11,558 രോഗികളാണ് ഉള്ളത്. കഴിഞ്ഞ ദിവസം നാല് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ഇതുവരെ മരിച്ച കൊവിഡ് രോഗികളുടെ എണ്ണം 5,21,751 ആയി.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.27 ശതമാനവുമാണ്. രാജ്യത്തുടനീളം 186.51 കോടി കൊവിഡ് വാക്സിൻ നൽകിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ പലയിടങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 461 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു. 26 ശതമാനം രോഗം വർദ്ധനവും രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനമാണ്.