ആർ എസ് എസ് നേതാവിന്റെ കൊലപാതകം; അക്രമികൾ സഞ്ചരിച്ച ബൈക്കിന്റെ ഉടമ ഒരു സ്ത്രീയാണെന്നാണ് കണ്ടെത്തൽ
പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. നാർക്കോട്ടിക് സെൽ ഡി വൈ എസ് പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉള്ളവരാണ് കേസിലെ പ്രതികളെന്നാണ് സൂചന. പ്രതികൾ സഞ്ചരിച്ച ബൈക്കുകളിലൊന്നിന്റെ നമ്പർ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നമ്പർ കിട്ടിയത്. ബൈക്കിന്റെ ഉടമ സ്ത്രീയാണെന്നാണ് കണ്ടെത്തൽ. പത്ത് എസ് ഡി പി ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ മൂന്നുപേരാണ് കടയിലേക്ക് കയറിപ്പോയി കൊലപാതകം നടത്തിയത്. മറ്റു മൂന്നുപേർ ബൈക്കുകളിൽ കാത്തിരുന്നു. അതിവേഗം വെട്ടിവീഴ്ത്തിയ ശേഷം ബൈക്കുകളിൽ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു