അമ്പലത്തറ : ഭർതൃമതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ യുവാവ് റിമാന്റിൽ. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 31 കാരിയായ ഭർതൃമതിയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മക്കളുടെ മാതാവായ ഭർതൃമതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയ അമ്പലത്തറയിലെ ടി. ദിലീഷനെയാണ് 26, അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
2020-21 കാലയളവിൽ ദിലീഷൻ ഭർതൃമതിയെ പലതവണ ബലാത്സംഗത്തിനിരയാക്കിയതായി പരാതിയുണ്ട്. യുവതിയെ പ്രലോഭിപ്പിച്ച് വശത്താക്കിയ യുവാവ് ഇവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും, പിന്നീട് ഇക്കാര്യം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ദിലീഷിന്റെ ശല്യം സഹിക്കാതെ വന്നപ്പോഴാണ് ഭർതൃമതി പരാതിയുമായി പോലീസിനെ സമീപിച്ചത്. റിമാന്റിലായ ദിലീഷൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്.