പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ (RSS Leader) വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളാണ് ശ്രീനിവാസനേറ്റിരുന്നത്. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. കൊലപാതകം നടന്ന മേലാമുറിയില്‍ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.