പാലക്കാട്: പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകവെ കാറിലെത്തിയ ആര്‍എസ്എസ് അക്രമികള്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റാണ് സുബൈര്‍.
കൃത്യമായ ഗുഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആര്‍എസ്എസ് കൊലപാതകം നടത്തിയിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം. സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം.
പാലക്കാട് ജില്ലയില്‍ ഉള്‍പ്പടെ കേരളത്തിലുടനീളം അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതില്‍ മുസ്ലിംവിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിയത്. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയില്‍ സുബൈറിനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.