പോലീസ് ജീപ്പില്‍നിന്ന് വിജിലന്‍സിന് കിട്ടിയത് 13960 രൂപ; എസ്.ഐ.ക്കും ഡ്രൈവര്‍ക്കും സസ്പെന്ഷന്
പാറശ്ശാല: പോലീസ് വാഹനത്തില്‍നിന്ന് വിജിലന്‍സ് സംഘം പണം കണ്ടെടുത്ത സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാറശ്ശാല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ജ്യോതിഷ് കുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പാറശ്ശാല പോലീസ് സ്റ്റേഷനില്‍ ഏപ്രില്‍ ആറിന് രാത്രി പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന വാഹനത്തില്‍ വെളുപ്പിന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത 13960 രൂപ കണ്ടെത്തിയത്. വെള്ളിയാഴ്ച വെളുപ്പിന് നാലേ മുക്കാലോടു കൂടിയാണ് വിജിലന്‍സ് സംഘം പോലീസ് ജീപ്പില്‍ പരിശോധന നടത്തിയത്.
തമിഴ്നാട്ടില്‍ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന ചരക്ക് ലോറികളില്‍ നിന്നും അതിര്‍ത്തി പ്രദേശത്ത് പോലീസ് വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പുലര്‍ച്ചെ നാലേ മുക്കാലോടുകൂടി പട്രോളിങ് ഡ്യൂട്ടിക്ക് ശേഷം സ്റ്റേഷനിലേക്ക് മടങ്ങിവന്ന പോലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയായിരുന്നു.
100, 200, 500 എന്നിവയുടെ നോട്ടുകള്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ സൂക്ഷിച്ചിരിക്കുന്ന തരത്തിലാണ് ജീപ്പിനുള്ളില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത്. പരിശോധന നടത്തുമ്പോള്‍ എ.എസ്.ഐ. ജ്യോതിഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ജീപ്പില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയ പണത്തിനെക്കുറിച്ച് ജീപ്പിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി മറുപടി നല്കുവാന് കഴിഞ്ഞില്ല. വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയ പണം ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല.
തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് വിജിലന്‍സ് സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. പിടികൂടിയത് കൈക്കൂലി പണമാണെന്ന നിഗമനത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പ് തല നടപടികള്‍ സ്വീകരിച്ചത്.