തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെ ശക്തമായി പിന്തുണയ്ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാൽ ഗവര്‍ണറെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കേണ്ടിവരുമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
കെ കരുണാകരൻ അനുസ്മരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ മുരളീധരൻ ഗവര്‍ണര്‍ക്കെതിരെ രുക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വൈകീട്ട് നടക്കുന്ന കെ കരുണാകരൻ അനുസ്മരണയോഗത്തിന് ഗവര്‍ണറെ ക്ഷണിച്ചിട്ടുണ്ട്. വളരെ നാൾ മുമ്പാണ് ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചത്. പുതിയ സാഹചര്യത്തിൽ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പങ്കെടുക്കുമോ എന്ന കാര്യം കണ്ടറിയണമെന്നും കെ മുരളീധരൻ പറഞ്ഞു.
ആദ്യം മുതലെ പൗരത്വ ഭേദഗതിയെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം നിലപാട് ആവര്‍ത്തിച്ചിരുന്നു. രാജ്യത്തിന് സ്വതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും നല്കിയ ഉറപ്പാണ് പൗരത്വ ഭേദഗതിയിലൂടെ നടപ്പായതെന്നായിരുന്നു ഗവര്‍ണര്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐക്ക് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഗവര്‍ണറുടെ നിലപാടിനെതിരെ യുഡിഎഫ് എൽഡിഎഫ് നേതാക്കൾ കടുത്ത വിമര്‍ശമാണ് ഉന്നയിച്ചത്. മുസ്ലിംലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും ഗവര്‍ണര്‍ക്കെതിരെ നേരത്തെ രംഗത് വന്നിരുന്ന.സംസ്ഥാന സർക്കാരും ഗവർണറുമായി ഇടഞ്ഞു നിൽക്കുകയാണ്.