വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ജീവനു വേണ്ടി കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കളോടു മാപ്പു ചോദിക്കാൻ അമ്മ യെമനിലേക്ക്
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകളുടെ ജീവനു വേണ്ടി, കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കളോടു മാപ്പു ചോദി്ക്കാന്‍ യെമനിലേക്കു പോകുമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. നിമിഷയുടെ മകളെയും കൂട്ടി യെമനിലേക്കു പോകാന്‍ അവര്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടി.അപേക്ഷ പരിഗണിച്ച് വിദേശകാര്യമന്ത്രാലയം കോണ്‍സല്‍ മുഖേന ജയിലധികൃതരുമായി ബന്ധപ്പെടുമെന്നാണു പ്രതീക്ഷ.
ഈ കേസില്‍ നേരിട്ടിടപെടാന്‍ തടസങ്ങളുണ്ടെന്ന് അറിയിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ തയാറാണെന്നു കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. 2017ലാണ് സഹപ്രവര്‍ത്തകനായ തലാലിനെ നിമിഷപ്രിയ കൊലപ്പെടുത്തിയെന്ന കേസ് ഉണ്ടായത്. നിമിഷപ്രിയയുടെ മോചനത്തിനായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.