ചൈന മുഖം തിരിച്ചു; ശ്രീലങ്കയ്ക്ക് കരകയറാൻ ഇന്ത്യ ഇനിയും കനിയണം
ബീജീംഗ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനും ചൈനയ്ക്കും മുമ്പിൽ വാതിൽ കൊട്ടിയടച്ച് ചൈന. കടക്കെണിയിൽ പെടുത്തിയ ശേഷം മുഖം തിരിക്കുന്ന ചൈനയുടെ ശൈലി രാജ്യാന്തര തലത്തിൽ പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായതാണ്. വികസ്വര രാജ്യങ്ങളുടെ ദുരവസ്ഥ മുതലെടുത്ത് അവരുടെ പദ്ധതികൾക്ക് വേണ്ടി വായ്പയായി സഹായം നൽകുകയും, അത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ അവരുടെ തന്ത്രപ്രധാന മേഖലകൾ കൈക്കലാക്കുകയും ചെയ്യുക എന്നതാണ് ചൈനയുടെ രീതി. കടക്കെണി നയതന്ത്രം എന്നാണ് ഈ ചൈനീസ് വായ്പകളെ അമേരിക്ക വിശേഷിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്കയും പാകിസ്ഥാനും ചൈനയുമായി വളരെയടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ്. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെയാണ് ഇമ്രാൻഖാന്റെ പ്രധാനമന്ത്രിക്കസേര തെറിച്ചത്. ശ്രീലങ്കയുടെ അവസ്ഥ അതിലും ദയനീയമാണ്. അവശ്യ സാധനങ്ങളൊന്നും കിട്ടാനില്ല. കടത്തിൻമേൽ കടവും. അധികാരത്തിൽ കടിച്ചു തൂങ്ങി കിടക്കുന്ന രാജപക്സമാരുടെ രാജിയാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രക്ഷോഭം നടക്കുകയാണ്. ഇത്രയും ദുരിതത്തിൽ പെട്ട് നിൽക്കുന്ന ഇരു രാജ്യങ്ങളും സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ചൈന അറിഞ്ഞ ഭാവം നടിച്ചിട്ടില്ല.
ഈ പ്രതിസന്ധി മറികടക്കുന്നതിനായി ലങ്ക ഇന്ത്യയോടും ചൈനയോടും ഒരേ സമയമാണ് സഹായത്തിനായി സമീപിച്ചത്. അരിയും ഡീസലും ഉൾപ്പടെ അവശ്യ സാധനങ്ങൾ നൽകി സഹായിക്കാൻ ഇന്ത്യ മാത്രമേ ഉണ്ടായിരുന്നുള്ളു. 100 കോടി ഡോളറിന്റെ ക്രെഡിറ്റ് ലൈൻ ഉൾപ്പടെ 250 കോടി ഡോളറോളം സഹായമാണ് ഇന്ത്യ ഇതുവരെ നൽകിയത്. ചൈനയോടും ലങ്ക സമാനരീതിയിൽ 250 കോടി ഡോളർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇക്കാര്യതത്തിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ല. അതിനാൽ തന്നെ വീണ്ടും 200 കോടി ഡോളർ കൂടി നൽകി സഹായിക്കണമെന്ന് ലങ്ക ഇന്ത്യയോട് ആവശ്യപ്പെടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ഇക്കഴിഞ്ഞ മാർച്ചിൽ പാകിസ്ഥാൻ അടച്ചു തീർത്ത 400 കോടി ഡോളറിന്റെ വായ്പ വീണ്ടും വായ്പയായി തന്നെ മടക്കി നൽകാമെന്ന് ചൈന വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യത്തിലും ചൈന മൗനത്തിലാണ്. അന്താരാഷ്ട്ര ധനകാര്യ ഏജൻസികളേക്കാൾ പണം ചൈന സാധാരണയായി വായ്പയായി മറ്റ് രാജ്യങ്ങൾക്ക് നൽകാറുണ്ട്. എന്നാൽ അടുത്ത കാലത്തായി വായ്പ നൽകുന്ന കാര്യത്തിൽ ഷി ജിൻ പിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ആശങ്കയുണ്ട്. വായ്പ അധികരിക്കുന്നതും രാജ്യങ്ങൾക്ക് തിരിച്ചടയാക്കാനുള്ള പ്രാപ്തി കുറഞ്ഞു വരുന്നതുമാണ് ഈ ആശങ്കയ്ക്ക് കാരണം. കൊവിഡ് വീണ്ടും രാജ്യത്തെ സാമ്പത്തിക മേഖലയെ തളർത്തുന്നതിനാൽ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് നേടാൻ കഴിയുമോ എന്ന ഭയവും ചൈനയ്ക്കുണ്ട്. അഞ്ചര ശതമാനമാണ് ഇത്തവണ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക്.
ഇപ്പോഴുള്ള കടം തിരിച്ചടയ്ക്കുന്നതിനുള്ള സമയം നീട്ടിനൽകണമെന്നും, വായ്പ പുനക്രമീകരിക്കണമെന്ന ആവശ്യവും ശ്രീലങ്ക ചൈനയോട് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ ആവശ്യങ്ങൾ ചൈന ചെവിക്കൊണ്ടിട്ടില്ല. എത്രയും വേഗം ഇന്റർനാഷണൽ മോണിട്ടറി ഫണ്ടുമായുള്ള (ഐഎംഎഫ്) ചർച്ച പൂർത്തിയാക്കാനാണ് ചൈന ലങ്കയ്ക്കു നൽകിയ നിർദേശം.