കാൽതൊട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരം; വിമർശിക്കുന്നത് മനോനില തെറ്റിയവരെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: വിഷുക്കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി എം പിയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നമ്മുടേത് പാശ്ചാത്യ രാജ്യമല്ല, കൈനീട്ടം നൽകുമ്പോൾ കുട്ടികൾ കാലിൽ തൊട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണ്. വിമർശിക്കുന്നവർ മനോനില തെറ്റിയവരാണെന്നും സുരേന്ദ്രൻ പറഞ്ഞു.ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ ശരിയായ നിലപാടല്ല സ്വീകരിക്കുന്നത്. സുരേഷ് ഗോപി ചെയ്തത് വളരെ നല്ലൊരു കാര്യമാണ് അത് ചിലർക്ക് പിടിച്ചിട്ടില്ല എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകുന്നതും വാങ്ങുന്നവർ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദമാണ് ഉയർന്നിരുന്നത്.അതേസമയം, സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്നെത്തുന്ന എല്ലാ ഭക്തർക്കും ബിജെപി കൈനീട്ടം നൽകും എന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് കൈനീട്ടം നൽകുന്നതിനെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് രംഗത്തെത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ കൈനീട്ട സമരം.