ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊട്ടക്കുളം സ്വദേശി വർഗീസിന്റെ ഭാര്യ എൽസി(58)യാണ് മരിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം വർഗീസ് തന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വർഗീസിനെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. എൽസിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അപ്പച്ചൻ എന്ന വർഗീസിനെ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യ മരിച്ചു എന്ന് ഉറപ്പിച്ച ശേഷം പൊലീസിനെ വിളിച്ച് താനും മരിക്കാൻ പോവുകായാണ് എന്ന് വർഗീസ് പറഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് സ്ഥലത്തെത്തിയപ്പോൾ കൈഞരമ്പ് മുറിച്ച ശേഷം അടുക്കളയിൽ തൂങ്ങി നിൽക്കുന്ന അപ്പച്ചനെയാണ് കണ്ടത്. ആദ്യം ഇയാളെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. അപ്പച്ചൻ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.