പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; അമ്മ ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ
ഇടുക്കി: പതിനേഴുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മ, ഒളമറ്റം സ്വദേശി പ്രയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ആറ് പേരെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇനിയും ഏതാനും പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നും ഇവരുടെ പേരിൽ കേസ് എടുക്കണമെന്നും ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിനോട് നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനു ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. എന്നാൽ മുത്തശ്ശിയുടെ പങ്ക് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ശാരീരികാസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ പിടികൂടിയതും. പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിൽ ആക്കിയിരിക്കുകയാണ്.