ഏകാത്മ ഭാരതമെന്ന ആശയത്തിലേക്കാണ് മോദിയും അമിത് ഷായും രാജ്യത്തെ നയിക്കുന്നത്: കെ സുരേന്ദ്രന്
കൊച്ചി: ഏകാത്മ ഭാരതമെന്ന ആശയത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ നയിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
ദീന്‍ദയാല്‍ ഉപാധ്യായ വിഭാവനം ചെയ്ത ഏകാത്മ ഭാരതമെന്ന ആശയമാണ് മോദിയും അമിത് ഷായും നടപ്പാക്കുന്നതെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സിപിഎമ്മിനെ ദലിത് വിഷയത്തിലടക്കം വിമര്‍ശിച്ചായിരുന്നു കെ സുരേന്ദ്രന് സംസാരിച്ചത്.
ബിജെപി അടിസ്ഥാന വര്‍ഗത്തിന്‍്റെ പാര്‍ട്ടിയല്ലെന്ന് സ്ഥാപിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസിലും ഇതാവര്‍ത്തിച്ചു. സവര്‍ണരും മുതലാളികളോട് ചേര്‍ന്ന് നില്ക്കുന്നവരുമാണ് സിപിഎം പാര്‍ട്ടി നേതാക്കള്‍. എന്നിട്ടും പട്ടിക ജാതിക്കാര്‍ക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രചാരണമെന്ന് സുരേന്ദ്രന് പറഞ്ഞു.
വരേണ്യ വര്‍ഗത്തിനായി സിപിഎം ദലിതുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം അടിസ്ഥാന ആശയങ്ങളില്‍ വെള്ളം ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ലക്ഷണങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കണ്ടത്. അടിസ്ഥാന വര്ഗ്ഗത്തിന്്റെ പാര്‍ട്ടിയെന്ന് അകാശപ്പെടുന്നവര്‍ ഇപ്പോഴാണ് പൊളിറ്റ് ബ്യൂറോയില്‍ ഒരു ദലിതനെ ഉള്‍പ്പെടുത്തിയത്. സവര്‍ണര്‍ക്കും മുതലാളിമാര്‍ക്കും ഒപ്പം നില്‍ക്കുന്നവരാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധന വിലവര്‍ധനയുടെ പേരില്‍ രാജ്യത്ത് തെറ്റിദ്ധാരണ പരത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നു. ക്രൂഡ് ഉത്പാദക രാജ്യങ്ങള്‍ ഇന്ധനത്തിന് 50 ശതമാനത്തോളം വില കൂട്ടി. രാജ്യത്ത് വില വര്‍ധന വെറും അഞ്ച് ശതമാനത്തോളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ഇത്തവണ ശക്തമായ ത്രികോണ മല്സരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.