മന്ത്രിയേയും ചെയർമാനേയും പരിഹസിച്ച് സിഐടിയു;വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടുപോകണം;ബി.അശോക് അരസംഘി
തിരുവനനന്തപുരം: വൈദ്യുതി മന്ത്രിയേയും ബോർഡ് ചെയർമാനേയും പരിഹസിച്ച് സി ഐ ടി യു . ഓഫിസേഴ്സ് അസോസിയേഷന്റെ സമരം തീർക്കാൻ മന്ത്രി ചർച്ചയ്ക്ക് തയാറാകാത്തതിനെത്തുടർന്നാണ് പരിഹാസം. രാവിലെ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയ മന്ത്രി സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് ഇല്ലെന്നും ബോർഡ് ചർച്ച നടത്തുമെന്നും വ്യക്തമാക്കിയിരുന്നു . ഇതിനെതിരെയാണ് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാറിന്റെ പരിഹാസം. പാലക്കാട്ട് കൊതുമ്പിന് മുകളിൽ കൊച്ചങ്ങ വളരുകയാണ്. വൈദ്യുതി വകുപ്പിന്റെ ചുമതല ഈ മന്ത്രി ഏറ്റെടുത്ത ശേഷമാണിത്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. മുന്നണി മര്യാദ കൊണ്ട് കൂടുതൽ പറയുന്നില്ലെന്നും
സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ പറഞ്ഞു.
ചെയർമാന് എതിരേയും സി ഐ ടി യു പരിഹാസം നടത്തി. ചില സംഘടനകളുടെ താത്പര്യത്തിനു വേണ്ടി നിൽക്കുന്ന അര സംഘിയാണ് കെ എസ് ഇ ബി ബോർഡ് ചെയർമാൻ ബി.അശോക് . ചെയർമാന് മീഡിയ മാനിയയാണ്. ജാസ്മിൻ ബാനുവിനെതിരായ ചെയർമാന്റെ പരാമർശം ശരിയോ തെറ്റോ എന്ന് മന്ത്രി വ്യക്തമാക്കണം. മന്ത്രിയുടെ അനുമതി യോടെയാണോ ചെയർമാൻ മാധ്യമങ്ങിൽ തൊഴിലാളി വിരുദ്ധ പരാമർശം നടത്തിയതെന്ന് വ്യക്തമാക്കണം. അല്ലെങ്കിൽ ചെയർമാനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി തയ്യാറാകണമെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ പറഞ്ഞു.
അതേസമയം പിന്നീട് വിശദീകരണവുമായി സി ഐ ടി യു രംഗത്തെത്തി. വകുപ്പ് ഭരിക്കുന്നത് ചെയർമാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചത്. മന്ത്രിക്ക് മുകളിലാണോ ചെയർമാൻ എന്ന ആശങ്കയാണ് പങ്ക് വച്ചതെന്നും
ഇട്ടിട്ടു പോകണമെന്ന് പറഞ്ഞിട്ടില്ലെന്നും സി ഐ ടി യു വിശദീകരിക്കുന്നു.
ഭരണാനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണ സമരവും തുടരുകയാണ് . സംഘടനാ ഭാരവാഹികളുടെ സസ്പെന്ഷന് പിന്‍വിലക്കുക, ചെയർമാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം തുടരുന്നത്. ചെയര്‍മാന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫീസേഴ്സ് അസോസിയേഷന് നല്‍കിയിട്ടുണ്ട്