പാതിരാത്രിയിൽ ഒളിച്ചും പാത്തും കാമുകിയെ കാണാനെത്തി’; യുവാവിൻ്റെ ബൈക് അജ്ഞാതർ അഗ്നിക്കിരയാക്കി
തൃക്കരിപ്പൂർ: പാതിരാത്രിയിൽ ഒളിച്ചും പാത്തും കണ്ണൂരിനടുത്ത കാമുകിയെ കാണാനെത്തിയ തൃക്കരിപ്പൂർ സ്വദേശിയായ കാമുകന്റെ ബൈക് അജ്ഞാതർ തീവെച്ച് നശിപ്പിച്ചതായി വിവരം. കഴിഞ്ഞ ദിവസം പുലർചെ രണ്ട് മണിയോടെ ചെറുകുന്നിനടുത്ത റോഡിലാണ് സംഭവം. ഫോടോഗ്രാഫറായ 23കാരൻ സഞ്ചരിച്ചിരുന്ന ബൈകാണ് തീവെച്ച് നശിപ്പിച്ചത്.
യുവാവിന്റെ സുഹൃത്തിൻ്റേതാണ് തീവെച്ച് നശിപ്പിക്കപ്പെട്ട പൾസർ ബൈക്. കുറച്ചു ദിവസത്തേക്ക് ഓടിക്കാനായി വാങ്ങിയതായിരുന്നു. ബൈക് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. പാതിരാത്രിയിൽ കാമുകിയുടെ വീട്ടിൽ സന്ദർശനം നടത്തുന്നത് ശല്യമായി തോന്നിയവരായിരിക്കാം ബൈക് കത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബൈക് കത്തിച്ചുവെന്ന് കാണിച്ച് രാവിലെ പരാതിയുമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ യുവാവ് എത്തിയതോടെയാണ് കാസർകോട് ജില്ലക്കാരനായ കാമുകന്റെ പാതിരാവിലെ സന്ദർശനം പുറത്തറിഞ്ഞത്. വിദ്യാർഥിനിയായ യുവതിക്ക് യുവാവിൻ്റെ വീടിനുത്ത് ബന്ധുവീടുണ്ട്. യുവാവിന്റെ ബൈക് കത്തിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.