നീരവ് മോദിയുടെ കൂട്ടാളി സുഭാഷ് ശങ്കർ അറസ്റ്റിൽ
മുംബയ്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ അടുത്ത സഹായി സുഭാഷ് ശങ്കറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഈജിപ്തിലെ കെയ്റോയിൽ നിന്നും പിടികൂടിയ ഇയാളെ ഇപ്പോൾ മുംബയിൽ എത്തിച്ചിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയെ കണ്ടെത്തുന്നതിനായി സിബിഐ നടത്തിയ പ്രധാന ഓപ്പറേഷന്റെ ഭാഗമാണിത്.2018ൽ കേസ് രജിസ്റ്റർ ചെയ്തതു മുതൽ സുഭാഷ് ശങ്കർ കെയ്റോയിൽ ഒളിവിൽ കഴിയുകയായിരുന്നു. സിബിഐക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇയാളെ പിടികൂടിയത്. മുംബയ് സിബിഐ കോടതിയിൽ ഹാജരാക്കിയ ശേഷം സുഭാഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 14000കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യംവിട്ട നീരവ് മോദിയ്ക്കെതിരെ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൂടാതെ തെളിവ് നശിപ്പിക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ എന്നീ ആരോപണങ്ങളും നീരവ് മോദിക്കെതിരെ ഉണ്ട്.