നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാമൻപിള്ള അസോസിയേറ്റ്സിന് നോട്ടീസ് നൽകിയത്. സായ് ശങ്കറിൽ നിന്ന് വാങ്ങിവച്ച ഗാഡ്ജറ്റുകൾ ഹാജരാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം.തന്റെ കൈയിലുണ്ടായിരുന്ന ചില ഡിജിറ്റൽ രേഖകൾ ദിലീപിന്റെ അഭിഭാഷകർ വാങ്ങിവച്ചെന്ന് സായ് ശങ്കർ മൊഴി നൽകിയിരുന്നു. ഇത് ഹാജരാക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ.ദിലീപിന്റെ ഫോണിൽ നിന്ന് ചില നിർണായക വിവരങ്ങൾ സായ് ശങ്കർ മായ്ച്ചു കളഞ്ഞെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ് തെളിവുനശിപ്പിക്കൽ ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി ഏഴാം പ്രതിയാക്കിയത്. ദിലീപിനും അഭിഭാഷകർക്കുമെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സായിയുടെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അഭിഭാഷകർ ആവശ്യപ്പെട്ടതനുസരിച്ച് ദിലീപിന്റെ രണ്ട് ഐ ഫോണുകളിൽ നിന്ന് 12 ചാറ്റുകളും ഫോട്ടോകളുമുൾപ്പെടെയുള്ള രേഖകളാണ് സായ് ശങ്കർ നീക്കിയത്. ദിലീപിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. രേഖകളിൽ കോടതിയിലെ കൈയെഴുത്ത് പകർപ്പുകളും മറ്റും ഉണ്ടായിരുന്നെന്ന് സായ് വ്യക്തമാക്കിയിരുന്നു. സായിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഇന്ന് വിചാരണക്കോടതിയിൽ ഹാജരാകും. കോടതി നടപടികളിലെ ചില രേഖകൾ മാദ്ധ്യമങ്ങൾക്ക് ചോർന്നതിൽ വിശദീകരണം നൽകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം.