ആറ് വയസുകാരന് മഡ് റേസിംഗ് പരിശീലനം; പിതാവിനെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട്: ആറ് വയസുകാരനെ മുതിർന്നവർക്കൊപ്പം മഡ് റേസിംഗ് പരിശീലനത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു. തൃശൂർ കാട്ടൂർ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. മുതിർന്നവർക്കൊപ്പം ആറുവയസുകാരനും തന്റെ കുഞ്ഞ് ബൈക്കിൽ അപകടരമായ രീതിയിൽ കുതിച്ചു പായുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ടോയ് ബൈക്കിലാണ് കുട്ടി പരിശീലനം നടത്തിയതെന്ന് പിതാവും ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാൽ അമിതവേഗതയിൽ പോകുന്ന വിലകൂടിയ ബൈക്കുകളിൽ മുതിർന്നവർ പരിശീലനം നടത്തുമ്പോൾ ഇതിനിടയിൽ അപകടകരമായ രീതിയിൽ കുഞ്ഞിനെ പരിശീലിപ്പിച്ചതിനാണ് കേസെടുത്തത് എന്നാണ് പൊലീസ് പറയുന്നത്.
ഈ മാസം 16,17 തീയതികളിൽ കാടാങ്കോട് നടക്കുന്ന മഡ് റേസിംഗ് മത്സരത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. സംഘാടകരായ കാടാങ്കോട് ഇന്ദിരാ പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മത്സരത്തിനോ പരിശീലനത്തിനോ അനുമതി ലഭിക്കാതെയാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ അടുത്തയാഴ്ച നടത്താനിരുന്ന മഡ് റേസിംഗ് മത്സരം അനിശ്ചിതത്വത്തിലായി.