പാർട്ടി കോൺഗ്രസിൽ നടന്നത് കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചന; ഇടനിലക്കാരൻ ഉള്ളതായി സംശയമുണ്ടെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സി പി എം പാർട്ടി കോൺഗ്രസിൽ നടന്നത് കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഇതിന് ഇടനിലക്കാരൻ ഉള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മുക്ത ഭാരതത്തിനായി ബി ജെ പി സി പി എമ്മുമായി കൈകോർക്കുകയാണ്. കേരളത്തിൽ കോൺഗ്രസ് ഇനി അധികാരത്തിലെത്താതിരിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
“പിണറായി വിജയൻ തന്റെ കാഴ്ചപ്പാടുകൾക്ക് അനുകൂലമായി സാഹചര്യം സൃഷ്ടിക്കുകയാണ്. വിമർശിക്കാനോ എതിർക്കാനോ ആളുകൾക്ക് ധൈര്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണത്തിൽ തുടർച്ചയുണ്ടായില്ല. കേരളത്തിലെ കോൺഗ്രസിനെ ഒപ്പം നിർത്താനാണ് സീതാറാം യെച്ചൂരി എത്തിയത്. എന്നാൽ മടങ്ങുന്നത് ആ തീരുമാനത്തോടെയല്ല. പാർട്ടി കോൺഗ്രസ് പിണറായിക്ക് അടിമപ്പെട്ടു.”-സുധാകരൻ വിമർശിച്ചു.
അതേസമയം ബി ജെ പിയുടെ അജണ്ട കോൺഗ്രസ് മുക്ത ഭാരതമാണെന്നും, അതിന് കുട പിടിച്ചുകൊടുക്കുകയാണ് സി പി എമ്മെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു. വി മുരളീധരൻ പകൽ പിണറായി വിരോധം പറയുകയും രാത്രിയാകുമ്പോൾ ഇടനിലക്കാരനായി പോകുന്നയാളാണെന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു ഇടനിലക്കാരനും കോൺഗ്രസുകാരന്റെ അടുത്തുകൂടെ പോകില്ല. അങ്ങനെയുള്ള കോൺഗ്രസുകാരൊന്നും കേരളത്തിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.