ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍നിന്നു സംസ്ഥാനങ്ങള്‍ക്കു പിന്മാറാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി . ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
പൗരത്വ നിയമ ഭേദഗതിയില്‍നിന്നു സംസ്ഥാനജ്ങള്ക്കു പിന്മാറാന് കഴിയില്ല. മുഖ്യമന്ത്രിമാര്‍ ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാന്‍ ബാധ്യസ്ഥരാണ്. അവര്‍ക്കു നിയമത്തില്‍നിന്നു പിന്മാറാന് കഴിയുമോ എന്ന് സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോടു ചോദിച്ചു നോക്കണമെശന്നും മോദി ആവശ്യപ്പെട്ടു. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയഗം നടപ്പാക്കില്ലെന്നു നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു മോദിയുടെ പരാമര്‍ശം.
പൗരത്വ നിയമ ഭേദഗതിയോ എന്‍ആര്‍സിയോ ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കില്ല. കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരെ വഴിതെറ്റിച്ചു വിട്ടിരിക്കുകയാണ് , അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. പൗരത്വ ദേഭഗതി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്കുന്നതിനുംവേണ്ടിയാണെന്നും മോദി അവകാശപ്പെട്ടു.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ ഉൗന്നിയാണ്. അതാണു രാജ്യത്തിന്റെ ശക്തി. ഡല്‍ഹിയിലെ കോളനികള്‍ നിയമപരമാക്കിയപ്പോള്‍ ആരുടെയും മതം ചോദിച്ചില്ല. അവരുടെ രാഷ്ട്രീയം ചോദിച്ചില്ല. ജനങ്ങളുടെ അവകാശങ്ങള്‍ എടുത്തുകളയുകയാണു ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ രാജ്യം സ്വീകരിക്കാന്‍ പോകുന്നില്ലെന്നും മോദി പറഞ്ഞു.
ലോക്സഭയും രാജ്യസഭയും പൗരത്വ ഭേദഗതി നിയമം പാസാക്കി. ജനവിധിയാണു പാര്‍ലമെന്റില്‍ നടപ്പായത്. ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. പാര്‍ലമെന്റിലെ ജനപ്രതിനിധികളെ ബഹുമാനിക്കുന്നവര്‍ക്കൊപ്പമാണ് താന്‍. എന്നാല്‍ ചില രാഷ്ട്രീയ കക്ഷികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. മതം നോക്കിയല്ല സര്‍ക്കാര്‍ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്യ്രം ഇല്ലാതാക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സര്‍ക്കാര്‍ പാവങ്ങളെ സഹായിച്ചു, എന്നാല്‍ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അതെന്നും മോദി ചൂണ്ടിക്കാട്ടി.