84 വയസുള്ള വൃദ്ധമാതാവിന് മകന്റെ ക്രൂരമർദ്ദനം, ഒപ്പം കേട്ടാൽ അറയ്ക്കുന്ന ചീത്തയും; ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: ചവറ തെക്കുംഭാഗത്ത് വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ മർദ്ദിച്ചത്. തടയാൻ ശ്രമിച്ച സഹോദരനെയും മർദ്ദിച്ചു. പ്രതി ഓമനക്കുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അയൽവാസിയായ വിദ്യാർത്ഥി പകർത്തിയ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ആക്രമണത്തിനിടയിൽ ഓമനയുടെ വസ്ത്രങ്ങൾ അഴിഞ്ഞു പോകുന്നതും ഓമനക്കുട്ടൻ അസഭ്യം പറയുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, മകനെതിരെ മൊഴി നൽകാൻ അമ്മ തയ്യറായിട്ടില്ല. മകൻ തന്നെ മർദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്ക് പറ്റിയതാണെന്നുമാണ് അമ്മ പൊലീസിനോടും ചികിത്സിച്ച ഡോക്ടർമാരോടും പറഞ്ഞിരിക്കുന്നത്. അതേസമയം, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
ഓമനക്കുട്ടൻ പതിവായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. പക്ഷേ ഒരിക്കൽ പോലും മകനെതിരെ പരാതി കൊടുക്കാൻ തയ്യാറായിരുന്നില്ല. ഓമനയുടെ രണ്ടു മക്കളും അവിവാഹിതരാണ്.