കൂടുതൽ കുട്ടികൾക്ക് വൈറസ് ബാധ; സ്കൂളുകളിൽ ഓഫ്ലൈൻ ക്ലാസുകൾ നിറുത്തി, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു സ്കൂളിലെ മൂന്ന് കുട്ടികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഓഫ്ലൈൻ ക്ലാസുകൾ താൽക്കാലികമായി നിറുത്തിവച്ചു. വൈശാലിയിലെ കെ ആർ മംഗലം വേൾഡ് സ്കൂളിലാണ് രോഗബാധ റിപ്പോർട്ടുചെയ്തത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ തന്നെ മറ്റൊരു സ്കൂളിലെ കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൂടുതൽ കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ഓഫ്ലൈൻ ക്ളാസുകൾ താൽക്കാലികമായി നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. ക്ളാസ് മുറികളും ബസുകളും അണുമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിമുതലാണ് സംസ്ഥാനത്ത് ഓഫ് ലൈൻ ക്ളാസുകൾ ആരംഭിച്ചത്.
കൂടുതൽ കുട്ടികളിൽ രോഗം സ്ഥിരീകരിക്കുന്നത് അധികൃതർ ഗൗവത്തോടെയാണ് കാണുന്നത്. ഗുജറാത്തിലെ വഡോദരയിലെത്തിയ മുംബയ് സ്വദേശിക്ക് ഒമിക്രോൺ എക്സ് ഇ ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തേ ജൂൺ മാസത്തിൽ രാജ്യത്ത് കൊവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.കൊവിഡ് കേസുകൾ വർദ്ധിക്കാനിടയുണ്ടെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിൽ കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരുന്നു. കേരളത്തിന് പുറമേ ഡൽഹി, മഹാരാഷ്ട്ര,ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം നൽകിയത്.
കൊവിഡ് കേസുകൾ തീരെ കുറഞ്ഞ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിൽ പലതിലും മാസ്ക് ധരിക്കുന്നതുൾപ്പടെയുള്ള നിയന്ത്രണങ്ങൾ പൂർണമായും നീക്കിയിരിക്കുകയാണ്.