പിതാവ് ഉപേക്ഷിച്ച് പോയ പതിനേഴുകാരിയെ ഒന്നര വർഷത്തോളം തുടർച്ചയായി ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ ആറ് പേർ അറസ്റ്റിൽ
തൊടുപുഴ: പതിനേഴുകാരിയെ ഒന്നര വർഷത്തോളം തുടർച്ചയായി ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ ആറ് പേർ അറസ്റ്റിൽ. ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞു ഒരു ഇടനിലക്കാരനാണ് ദരിദ്ര കുടുംബാംഗമായ പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചത്. ഇരയായ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്.ഇടനിലക്കാരൻ കുമാരംമംഗലം മംഗലത്ത് വീട്ടിൽ രഘു (ബേബി- 51), കെ.എസ്.ഇ.ബി. ജീവനക്കാരൻ കല്ലൂർക്കാട് വെള്ളാരംകല്ല് സ്വദേശി വാളമ്പിള്ളിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂർ തങ്കച്ചൻ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് വീട്ടിൽ ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ടു വീട്ടിൽ തോമസ് ചാക്കോ (27), മലപ്പുറം പെരുന്തൽമണ്ണ മാളിയേക്കൽ വീട്ടിൽ ജോൺസൺ (50) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ പതിനഞ്ചോളം പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. 15 വയസ് മുതലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയ പെൺകുട്ടിയുടെ അമ്മ സുഖമില്ലാതെ കിടക്കുകയായിരുന്നു. ഈ അവസരം മുതലെടുത്ത് ബ്രോക്കറായ രഘു ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 2020 അവസാനത്തോടെ പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. ഇതു വിശ്വസിച്ചാണ് പെൺകുട്ടി രഘുവിനൊപ്പം തങ്കച്ചനെ പരിചയപ്പെടാനെത്തിയത്. ഇയാളാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് വൻ തുക വാങ്ങി പെൺകുട്ടിയെ പലരുടെയും അടുത്ത് എത്തിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് വരെ പീഡനം തുടർന്നു.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പോക്സോ ചുമത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി. ജീൻപോളിന്റെ നേതൃത്വത്തിൽ സി.ഐ വി.സി. വിഷ്ണുകുമാർ, എസ്.ഐമാരായ കൃഷ്ണൻ നായർ, ഹരിദാസ്, എ.എസ്.ഐമാരായ ഷംസുദ്ദീൻ, നജീബ്, നിസാർ, ഉഷാദേവി, എസ്.സി.പി.ഒ. ബിന്ദു, സി.പി.ഒ നീതു എന്നിവരാണ് അന്വേഷണം നടത്തുന്നത്.