പഞ്ചായത്ത് ഓഫീസ് പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ ഗുണ്ട വടിവാൾ ഉണ്ണിയുടെ മകൻ രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിന്റെ മുഖത്ത് മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് സംശയം. പഞ്ചായത്ത് ഓഫീസ് പരിസരത്തെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് താഴെ ഒരാൾ കിടക്കുന്നതായി ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്.
കെട്ടിടത്തിന് മുകളിൽ നിന്ന് വീണതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മുഖത്ത് മർദ്ദനമേറ്റ പാടുകൾ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയമുയർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.