പള്ളികളുടെയും ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ സംതൃപ്തൻ ;തോമസ് വ്യത്യസ്തനായ കള്ളൻ
ആദൂർ : ഭണ്ഡാര മോഷണം പതിവാക്കിയ മോഷ്ടാവിനെ ആദൂർ എസ്ഐ ഇ. രത്നാകരനും സംഘവും കാട്ടിനുള്ളിൽ നിന്നും പിടികൂടി. ആദൂർ പള്ളത്ത് കട കുത്തിത്തുറന്ന് കടയിലെ ഭണ്ഡാരപ്പെട്ടിയിലെ പണം മോഷ്ടിച്ച 60 കാരനെയാണ് ആദൂർ പോലീസ് പിടികൂടിയത്. ആദൂർ പള്ളത്തെ കടയ്ക്കകത്ത് കയറി ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന 620 രൂപയും സിഗരറ്റ് പായ്ക്കറ്റുകളും അപഹരിച്ച ഇൗസ്റ്റ് എളേരി തയ്യേനി കുണ്ടാരം അറയ്ക്കത്തട്ട് ഹൗസിലെ തൊമ്മൻ എന്ന തോമസിനെയാണ് 60, ആദൂർ പോലീസ് രക്ഷ പ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്.
പള്ളത്തെ കടയ്ക്ക് മുന്നിൽ മോഷണ വസ്തുക്കളുമായി നിന്ന തോമസിനെ പള്ളിയിലേക്ക് പോകുന്ന യുവാക്കളാണ് ആദ്യം കണ്ടത്. യുവാക്കളെ കണ്ടതോടെ തോമസ് സ്ഥലത്തുനിന്നും ഓടി. പിറകെ നാട്ടുകാരും ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വനത്തിലേക്ക് ഓടി രക്ഷപ്പെട്ട തോമസിനെ ആദൂർ എസ്ഐയും സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഭണ്ഡാരങ്ങൾ മാത്രം മോഷ്ടിക്കുന്ന തോമസിനെതിരെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
പള്ളികളുടെയും ക്ഷേത്രങ്ങളുടയെും ഭണ്ഡാരങ്ങൾ മാത്രമാണ് തോമസിന്റെ ടാർജറ്റ്. ഭണ്ഡാരങ്ങളിൽ നിന്നും കിട്ടുന്ന ചില്ലറത്തുട്ടുകളിൽ തോമസ് സംതൃപ്തൻ. വമ്പൻ കവർച്ചകളിലൊന്നുമുൾപ്പെടാത്ത മോഷ്ടാവാണ് തോമസെന്നാണ് പോലീസ് നൽകുന്ന സൂചന. പാണത്തൂരിൽ റോഡരികിലെ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചതും തോമസാണെന്ന് കണ്ടെത്തിയിട്ടുണ്ട്.