ബിനീഷ് കോടിയേരിക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്, ജാമ്യം ഉടൻ റദ്ദാക്കണം; ഇ ഡി സുപ്രീം കോടതിയിൽ
ബംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കമമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. കള്ളപ്പണം വെളുപ്പിക്കലിൽ ബിനീഷിനെതിരെ കൃത്യമായ തെളിവുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേന്ദ്ര സർക്കാർ അഭിഭാഷകനായ മുകേഷ് കുമാർ മറോറിയയാണ് ഇ ഡിക്ക് വേണ്ടി ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി കോടതിയെ സമീപിച്ചത്. ബിനീഷിനെതിരെയുള്ള നിർണായകമായ തെളിവുകൾ ആദ്യം തന്നെ ലഭച്ചിരുന്നെന്നും എന്നാൽ ഈ തെളിവുകൾ കണക്കിലെടുക്കാൻ കർണാടക ഹൈക്കോടതി തയാറായിരുന്നില്ല. ബിനീഷിന്റെ പേരിലുള്ള നാല് ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപിച്ചിരുന്നു. ഇതിന്റെ സ്രോതസ് കാണിക്കാനും ബിനീഷിന് കഴിഞ്ഞിരുന്നില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പണം നിക്ഷേപിച്ചവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും അവരാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്ന കാര്യവും നിർണായകമായ ഹർജിയിൽ ഇ ഡി കൂട്ടിച്ചേർത്തിട്ടുണ്ട്.
പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയവയുടെ കച്ചവടം തനിക്കുണ്ടായിരുന്നെന്നും അതിൽ നിന്നുള്ള വരുമാനമാണ് ഇതെന്നുമാണ് ബിനീഷ് ഉദ്യോഗസ്ഥരെ അറിയിച്ചത് എന്നാൽ ഇതിന് വ്യക്തമായ തെളിവ് ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.