കെ വി തോമസുമായി ഇതുവരെ രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല; സി പി എമ്മിനെ വിശ്വസിച്ച് വന്ന ആർക്കും നിരാശപ്പെടേണ്ടി വന്നിട്ടില്ലെന്ന് എം എ ബേബി
കണ്ണൂർ: കോൺഗ്രസ് നേതാവ് കെ വി തോമസുമായി ഇതുവരെ രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സി പി എമ്മിനെ വിശ്വസിച്ച് വന്ന ആരെയും ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ലെന്നും, കെ വി തോമസിനും നിരാശപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാമെന്ന് കെ വി തോമസ് തീരുമാനിച്ചതിനെ അനുകൂലിക്കുന്ന ഒരുപാട് പേർ കോൺഗ്രസിലുണ്ടെന്ന് ബേബി പറഞ്ഞു. കോൺഗ്രസിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും വർഗീയതയോട് സന്ധി ചെയ്യുന്ന നിലപാട് അവർ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിനാറിൽ പങ്കെടുക്കാൻ വേണ്ടി ഇന്നലെ വൈകിട്ടാണ് കെ വി തോമസ് കണ്ണൂരിലെത്തിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും കണ്ണൂർ വിമാനത്താവളത്തിൽ എത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സെമിനാർ.