ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്: സായ്ശങ്കർ ആന്ധ്രയില് അറസ്റ്റിൽ
കൊച്ചി∙ വിവിധ തട്ടിപ്പു കേസുകളിലെ പ്രതിയും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ഏഴാം പ്രതിയുമായ സൈബർ വിദഗ്ധൻ സായ് ശങ്കർ അറസ്റ്റിൽ. ഇന്നലെ ആന്ധ്രാപ്രദേശിൽനിന്ന് കസ്റ്റഡിയിലെടുത്ത സായ് ശങ്കറിന്റെ അറസ്റ്റ് ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വധ ഗൂഢാലോചനക്കേസിൽ ദിലീപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളിലെ തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. കേസിൽ സായ് ശങ്കറിന്റെ വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു.
കേസിൽ വിശദമായി വിവരങ്ങൾ ശേഖരിക്കുന്നതിന് സായ് ശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. പകരം പത്തു ദിവസം സമയം അനുവദിക്കണം എന്നായിരുന്നു ആവശ്യം. ഈ സമയ പരിധി കഴിഞ്ഞിട്ടും ഹാജരാകാതിരുന്നതോടെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. നേരത്തേ സായ് ശങ്കർ ദിലീപ് കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പ്രതി ചേർത്തിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതോടെ ഹർജി തീർപ്പാക്കുകയായിരുന്നു.
ഇതിനിടെ ക്രൈബ്രാഞ്ച് തനിക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സായ് ശങ്കറിനെതിരെ ഉയർന്ന വിവിധ തട്ടിപ്പു കേസുകളിൽ പ്രതി ചേർക്കുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തതോടെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ ക്രൈംബ്രാഞ്ച് തുടരെ കേസുകൾ എടുക്കുന്ന സാഹചര്യമാണെന്നും ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കിൽ കൂടുതൽ കേസു വരുമെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രൻ പറഞ്ഞതായും കോടതിയെ ബോധിപ്പിച്ചിരുന്നു. സായ് ശങ്കറിന്റെ സുഹൃത്തും മോഹന ചന്ദ്രനും തമ്മിലുള്ള ഫോൺ സന്ദേശവും കോടതിയിൽ ഹാജരാക്കിയിരുന്നു