മൂവാറ്റുപുഴ ജപ്തി വിവാദം; എംഎൽഎ നൽകിയ ചെക്ക് മാറാനാകില്ലെന്ന് ബാങ്ക് അധികൃതർ
മൂവാറ്റുപുഴ: മാതാപിതാക്കളില്ലാത്ത സമയത്ത് കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ വായ്പ അടച്ചുതീർക്കുന്നതിനായി മാത്യു കുഴൽനാടൻ എം എൽ എ നൽകിയ ചെക്ക് മാറാനാകില്ലെന്ന് ബാങ്ക് അധികൃതർ. ജീവനക്കാർ നൽകിയ പണം കൊണ്ട് വായ്പ ക്ളോസ് ചെയ്തെന്ന് ബാങ്ക് അറിയിച്ചു.
തന്നോട് ചോദിക്കാതെ എന്തിന് പണം സ്വീകരിച്ചുവെന്ന് അജേഷിന്റെ കുടുംബം വിഷയത്തിൽ പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് പായിപ്രയിൽ കുട്ടികളെ പുറത്തുനിറുത്തി ഒന്നര ലക്ഷത്തോളം രൂപയുടെ വായ്പാ കുടിശികയ്ക്കായി ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തത്. പട്ടികജാതിക്കാരനും ഫോട്ടോഗ്രാഫറുമായ അജേഷിന്റേതാണ് വീട്. സ്കൂൾ വിദ്യാർത്ഥികളായ നാല് മക്കളാണ് അജേഷിന്. മകൻ പത്താം ക്ളാസിലാണ്. ഇരട്ടകളായ പെൺകുട്ടികൾ ഏഴിലും ഇളയ പെൺകുട്ടി അഞ്ചിലും പഠിക്കുന്നു. കുറേക്കാലമായി ഹൃദയസംബന്ധമായ ചികിത്സയിലായ അജേഷും ഭാര്യയും ജപ്തി നടക്കുമ്പോൾ ആശുപത്രിയിലായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ തലയൂരുന്നതിനായി അർബൻ ബാങ്കിലെ സി.ഐ.ടി.യു അംഗങ്ങളായ ജീവനക്കാർ ഇടപെട്ട് കുടിശ്ശിക തിരിച്ചടച്ചിരുന്നു. അജേഷിന്റെ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ബാങ്കിന് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു ഇത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിച്ച ബാങ്ക് ജീവനക്കാരുടെ പണം തനിക്ക് വേണ്ടെന്ന് അജേഷ് പ്രതികരിച്ചിരുന്നു.അജേഷ് ആശുപത്രിയിൽ നിന്ന് എത്തുന്നതുവരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചിരുന്നില്ല.
സംഭവത്തിന് പിന്നാലെ കടബാദ്ധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിൽ പണമടച്ച് ആധാരം തിരികെ വാങ്ങി നൽകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എം.എൽ.എ എത്തി പൂട്ട് പൊളിച്ചായിരുന്നു കുട്ടികളെ അകത്ത് കയറ്റിയത്. പ്രശ്നം രാഷ്ട്രീയവൽക്കരിക്കുകയല്ലെന്നും ഇത് സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സഹകരണമന്ത്രി വി.എൻ. വാസവൻ നിർദ്ദേശിച്ചതിന് പിന്നാലെ മൂവാറ്റുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് സി.ഇ.ഒ ജോസ് കെ. പീറ്റർ രാജിവച്ചിരുന്നു. രാജി അംഗീകരിച്ചതായി കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അറിയിക്കുകയും ചെയ്തു.