മുഖ്യമന്ത്രിയായിരുന്ന 20വർഷക്കാലം തന്റെ ശമ്പളം മുഴുവൻ പാർട്ടിക്ക് നൽകി, താമസം പാർട്ടി ഓഫീസിൽ; സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ മണിക് സർക്കാരുമൊത്തുള്ള ചിത്രം പങ്കുവച്ച് പിണറായി
കണ്ണൂർ: സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും നേതാക്കളുമടക്കം നിരവധി പേരാണ് കണ്ണൂരിലേയ്ക്ക് എത്തിയിരിക്കുന്നത്. ത്രിപുര മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇടതുപക്ഷ നേതാവുമായ മണിക് സർക്കാരും സമ്മേളനത്തിൽ പങ്കെടുക്കാനായി കണ്ണൂരിൽ എത്തിയിരിക്കുകയാണ്.
20 വർഷക്കാലം ത്രിപുര മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് മണിക് സർക്കാർ. അത്രയും കാലം തന്റെ ശമ്പളം മുഴുവൻ അദ്ദേഹം പാർട്ടിക്കാണ് നൽകിയിരുന്നത് . പാർട്ടിയിൽ നിന്ന് തിരികെ നൽകുന്ന 9700രൂപ കൊണ്ട് മാത്രമാണ് മണിക് സർക്കാർ ജീവിച്ചിരുന്നത്. അദ്ദേഹത്തിന് സ്വന്തമായി വീടോ വാഹനമോ ഇല്ല. തന്റെ ജീവിതം തന്നെ കമ്മ്യൂണ്സ്റ്റ് പാർട്ടിക്കായി മാറ്റി വച്ച അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പാർട്ടി ഓഫീസിലായിരുന്നു താമസം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ മാണിക് സർക്കാർ പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.