കുടുംബവുമൊത്ത് തിരികെ പോകാനെത്തിയ പ്രവാസിയ്ക്ക് നേരെ ബോംബേറ്, കാൽ ചിന്നിച്ചിതറി, ജസ്റ്റ് മിസ് എന്ന ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിയെ കണ്ടെത്തി
തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങൾ തുടർക്കഥയായ തലസ്ഥാനത്ത് ലഹരിമാഫിയാ സംഘത്തിന്റെ ബോംബേറിൽ യുവാവിന്റെ കാൽ ചിന്നിച്ചിതറി. തുമ്പ രാജീവ്ഗാന്ധി നഗർ പുതുവൽ പുരയിടത്തിൽ ക്ലീറ്റസിന്റെയും ജൂലി ക്ലീറ്റസിന്റെയും മകൻ രാജു ക്ലീറ്റസിന്റെ (34) വലതുകാലിന്റെ മുട്ടിന് താഴ്വശമാണ് തകർന്നത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഓടിമാറിയതിനാൽ ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കളായ സിജുവും സുനിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തുമ്പ സ്വദേശി ലിയോൺ ജോൺസന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും പ്രദേശത്തെ ലഹരിമാഫിയക്കെതിരെ പൊലീസിലും എക്സൈസിലും പരാതി നൽകിയ സുനിലിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും കഴക്കൂട്ടം പൊലീസ് പറഞ്ഞു. ബോംബേറിനുശേഷം ലിയോൺ ജോൺസൺ ‘ ജസ്റ്റ് മിസെന്ന് ‘ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ സുനിലിനെയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസിന് കൂടുതൽ വ്യക്തമായി. ഇംഗ്ലണ്ടിലായിരുന്ന രാജു ക്ലീറ്റസ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. തിരികെ മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.കഴക്കൂട്ടം മേനംകുളം കിൻഫ്രയ്ക്ക് സമീപം ഇന്നലെ രാത്രി എട്ടോടെയായിരുന്നു ബോംബേറ്. വീട്ടിൽ നിന്ന് ആക്ടീവ സ്കൂട്ടറിൽ എ.ടി.എം കൗണ്ടറിലേക്ക് പോകുന്നതിനിടെ വഴിയരികിൽ വച്ച് സിജുവിനെയും സുനിലിനെയും കതോടെ വാഹനം നിറുത്തുകയായിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് മൂവർ സംഘം ബൈക്കിലെത്തി ബോംബെറിഞ്ഞത്. ബൈക്കിലെത്തിയവർ എന്തോ വലിച്ചെറിയുന്നതുകണ്ട് മൂവരും ഓടി മാറാൻ ശ്രമിച്ചെങ്കിലും രാജുവിന്റെ കാലിലേക്ക് ബോംബ് വീഴുകയായിരുന്നു. തിരക്കൊഴിഞ്ഞ സ്ഥലമായതിനാൽ റോഡിൽ മറ്റാരും ഉണ്ടായിരുന്നില്ല.ശബ്ദവും നിലവിളിയും കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസെത്തുന്നതിന് മുമ്പേ രാജുവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയോടെയായിരുന്നു ആക്രമണം. പ്രതികൾക്കായി കഴക്കൂട്ടം പൊലീസ് തെരച്ചിൽ തുടങ്ങി.മക്കളുമൊത്ത് മടങ്ങാനെത്തി, തീരാവേദനയായിവർഷങ്ങളായി രാജു ഭാര്യ ഷീജയുമൊത്ത് ഇംഗ്ലണ്ടിലാണ്. ഇരുവർക്കും അവിടെ ജോലിയുണ്ട്. ഒമ്പതും അഞ്ചും വയസുള്ള മകളെയും മകനെയും ഇംഗ്ലണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് രാജു രണ്ടുമാസം മുമ്പെത്തിയത്. പോകാനുള്ള നടപടികൾ നീതോടെ വെൾഡിംഗ് തൊഴിൽ വശമുള്ള രാജു നാട്ടിൽ ജോലിക്ക് പോയി. ഇന്നലെ ജോലിക്ക് പോയി വീട്ടിലെത്തിയ ശേഷമാണ് അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ പുറത്തേക്ക് പോയത്. രണ്ടാഴ്ചക്കുള്ളിൽ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നാണ് രാജു വീട്ടുകാരോട് പറഞ്ഞിരുന്നത്. രാജു ക്ലീറ്റസിന് രണ്ടു സഹോദരങ്ങളുണ്ട്.