തലസ്ഥാനം വീണ്ടും ഗുണ്ടകളുടെ പിടിയിൽ, കഴക്കൂട്ടത്തിന് പിന്നാലെ കുറ്റിച്ചലിലും ബോംബാക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചൽ മലവിളയിലെ ഒരു വീടുനുനേരെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അനീഷ് എന്നയാൾ ബോംബെറിയുകയായിരുന്നു. കിരൺ എന്ന യുവാവിന്റെ വീടിനുനേരയാണ് ആക്രമണമുണ്ടായത്. ഒരു ബന്ധുവിന്റെ വീട്ടിൽ താൻ ഒളിവിൽ കഴിയുന്ന വിവരം കിരൺ മറ്റുചിലരോട് പറഞ്ഞു എന്നാരോപിച്ചായിരുന്നു അനീഷ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. നെയ്യാർഡാം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കഴക്കൂട്ടം മേനംകുളത്ത് വഴിയരികിൽ സംസാരിച്ചുകൊണ്ടുനിന്ന യുവാവിന് നേരെ ബോംബെറിഞ്ഞ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് പുതിയ സംഭവം ഉണ്ടായത്. കഴക്കൂട്ടത്തെ ആക്രമണത്തിൽ യുവാവിന്റെ ഒരുകാൽ ചിന്നിച്ചിതറി. ലഹരിമാഫിയയുമായി ബന്ധമുള്ള അജിത്ത് ലിയോൺ എന്നയാളാണ് ആക്രമണത്തിന് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ ഇയാൾ ആഴ്ചകൾക്ക് മുൻപാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.