കേരളത്തിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ സെൽഫി എടുക്കുന്നതിനിടെ മുങ്ങി മരിച്ചു, ഒരാളെ കാണാതായി
കോട്ടയം: കോട്ടയത്ത് നിന്ന് മണിപ്പാലിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ കർണാടക ഉഡുപ്പി ബീച്ചിൽ തിരയിൽ പെട്ട് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികളാണ് മരിച്ചത്.കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന് റെജി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയാണ് കാണാതായത്.ബീച്ചിന് സമീപം പാറയിൽ നിന്ന് സെൽഫി എടുക്കവേ കടലിലേക്ക് വഴുതി വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പടെ 42 പേർ അടങ്ങുന്ന സംഘം കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ സെന്റ് മേരിസ് ഐലൻഡിലെ ഉഡുപ്പി ബീച്ചിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാൻ വിദ്യാർത്ഥികൾ പാറക്കെട്ടിൽ കയറിയത്.