ബീസ്റ്റിന്റെ റിലീസ് തടയണം; അസാധാരണ സാഹചര്യത്തിലേക്ക് നയിക്കും: മുസ്ലിം ലീഗ്
ചെന്നൈ: വിജയ് നായകനാകുന്ന ബീസ്റ്റിന്റെ റിലീസ് തടയണമെന്ന് മുസ്ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വി.എം.എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് കത്തുനല്‍കി.
ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാരോപിച്ചാണ് കത്ത് നല്‍കിയത്. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലിങ്ങള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്. ബീസ്റ്റ് പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ പറയുന്നു.
നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.
ഏപ്രില്‍ രണ്ടിന് ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വന്നിരുന്നു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്ലറില് കാണിക്കുന്നത്.