ഇന്നുമുതൽ ദമ്പതികൾ ഒരുമിച്ച് കിടക്കരുത്, കെട്ടിപ്പിടിത്തവും ചുംബനവും വേണ്ട; പാട്ടുപാടുന്നതും ഒഴിവാക്കണം: കർശന നിർദ്ദേശവുമായി ചൈന
ബീജിംഗ്: ഇന്ന് മുതൽ ദമ്പതികൾ ഒരുമിച്ച് ഉറങ്ങാൻ പാടില്ല. ആലിംഗനവും ചുംബനവും ഒരുതരത്തിലും ഉണ്ടാവരുത്. ഭക്ഷണം കഴിക്കുന്നതുപോലും ഒരുമിച്ചാകരുത്. കൊവിഡ് വ്യാപനം രൂക്ഷമായ ചൈനയിലെ ഷാങ്ഹായി നഗരവാസികൾക്കുള്ള അധികൃതരുടെ മുന്നറിയിപ്പാണിത്. രോഗം പടർന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ഇത് ലംഘിച്ചാൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും വ്യക്തമാക്കുന്നുണ്ട്. വീടുകളിലെ ജനാലകളും വാതിലുകളും തുറക്കരുതെന്നും പാട്ടുപാടരുതെന്ന നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരു ഇടവേളയ്ക്കുശേഷം കഴിഞ്ഞ മാസമാണ് ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായത്. തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയായിരുന്നു. കൊവിഡ് വ്യാപനത്തിൽ ആശ്വാസമുണ്ടെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉൾപ്പടെ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. രോഗവ്യാപനം പൂർണമായും മാറുംവരെ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നഗരങ്ങളിൽ ഇടയ്ക്കിടെയുള്ള കൊവിഡ് പരിശോധനകൾക്കുവേണ്ടി മാത്രമാണ് ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളത്. അവശ്യ സാധനങ്ങൾ ഉൾപ്പടെയുള്ളവ പ്രാദേശിക ഭരണകൂടം വീടുകളിൽ എത്തിക്കും. ഇതിനൊപ്പം തെരുവുകളും വീടുകളുടെ പരിസരവും ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യും. ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാൻ ഡ്രോണുകളുടെയും റോബോട്ടുകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.
അതേസമയം, അവശ്യ സാധനങ്ങൾ കിട്ടാത്തതിൽ പലയിടങ്ങളിലും ജനങ്ങൾ പ്രകോപിതരാണെന്നും റിപ്പോർട്ടുണ്ട്. ലോക്ക്ഡൗൺ എന്ന ആശയംതന്നെ കാലഹരണപ്പെട്ടതാണെന്നും ലോകത്തിൽ ചൈനയൊഴികെ മറ്റൊരുരാജ്യത്തും ലോക്ക്ഡൗൺ ഇല്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് കേസുകൾ അല്പമൊന്ന് ഉയർന്നാൽപ്പോലും അവിടെ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതാണ് ചൈനയുടെ രീതി. തുടരെത്തുടരെയുള്ള അടച്ചിടൽ ചൈനയുടെ സാമ്പത്തിക മേഖലയെ തളർത്തിയിട്ടുണ്ട്. എങ്കിലും നിയന്ത്രണങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.