ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി
കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വെന്റിലേറ്റർ സംവിധാനം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസൻ ഇപ്പോഴുള്ളത്. മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ രക്തമൊഴുക്കിന് തടസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31ന് അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതോടെ അണുബാധ ഉണ്ടായി. ഇതിനെതുടർന്നാണ് വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.