തച്ചങ്ങാട് ബാലകൃഷ്ണന്റെ പേരിലുള്ള പ്രഥമ പുരസ്ക്കാരം മാതൃഭൂമി ഫോട്ടോഗ്രാഫർ രാമനാഥ് പൈക്ക് വിതരണം ചെയ്തു.
പാലക്കുന്ന് : ഇന്ത്യയുടെ ബഹുസ്വരതയിൽ വിശ്വാസമുള്ള ഒന്നും പ്രതീക്ഷിക്കാത്ത കോടികണക്കിന് ജനങ്ങൾ ഇന്നും കോൺഗ്രസിൽ പ്രതീക്ഷ അർപ്പിച്ച് നിൽക്കുകയാണെന്ന് കെ.പി.സി സി മുൻ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആദർശ ശുദ്ധിയും ആത്മാർത്ഥതയുമുള്ള ഒരു നേതൃത്വം എന്നും കോൺഗ്രസിൽ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികം ഒരു മാസം നീണ്ടു നിൽകുന്ന വിവിധ പരിപാടികളോട് കൂടി ആചരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു.
അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിച്ച പ്രഥമ പുരസ്ക്കാരവും 5000 രൂപയും പ്രശംസാപത്രവും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ രാമനാഥ് പൈക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തി, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ, ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ്കുമാർ പള്ളയിൽവീട്, പി.വി.സുരേഷ്, സത്യൻ പൂച്ചക്കാട്, ബി.പി പ്രദീപ്കുമാർ, രാജേഷ് പളളിക്കര, വി.വി കൃഷ്ണൻ, ചന്തുകുട്ടി പൊഴുതല, ബാലകൃഷ്ണൻ നായർ, രവീന്ദ്രൻ കരിച്ചേരി, രാകേഷ് കരിച്ചേരി, അഡ്വ. മണികണ്ഠൻ നമ്പ്യാർ, രത്നാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ചന്ദ്രൻ തച്ചങ്ങാട് സ്വാഗതവും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം ഷാഫി നന്ദിയും പറഞ്ഞു.
യു.പി., ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിന്റെ സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. ഏപ്രിൽ 13 ന് വിഷു കിറ്റ് വിതരണം, ഏപ്രിൽ 24ന് ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും സ്ലൈഡ് ഷോയും നടക്കും.