മുട്ടയ്ക്കും ഏത്തപ്പഴത്തിനും കാശുചോദിച്ചത് ഇഷ്ടപ്പെട്ടില്ല, കടയുടമയുടെ കൈയും കണ്ണും തകർത്തു
വർക്കല: മേൽവെട്ടൂർ ജംഗ്ഷനിൽ സ്റ്റേഷനറിക്കട നടത്തുന്ന ദക്ഷിത് സ്റ്റോർ ഉടമ മേൽവെട്ടൂർ അനശ്വരയിൽ സതീശനെ (70) സാധനം വാങ്ങാനെത്തിയ യുവാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കഴിഞ്ഞദിവസം വൈകിട്ട് നാലോടെയാണ് സംഭവം. വെട്ടൂർ സ്വദേശിയായ അനീഷാണ് മർദ്ദിച്ചതെന്ന് വർക്കല പൊലീസിൽ സതീശൻ നൽകിയ പരാതിയിൽ പറയുന്നു.
കടയിലെത്തിയ യുവാവ് മുട്ടയും ഏത്തപ്പഴവും വാങ്ങിയശേഷം പണം നൽകാതെ മടങ്ങാൻ ശ്രമിച്ചു, പണം ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ യുവാവ് കടയുടമയെ മർദ്ദിക്കുകയായിരുന്നു. കൈ കൊണ്ട് സതീശന്റെ മുഖത്തടിച്ചശേഷം തടിക്കഷ്ണം ഉപയോഗിച്ച് ക്രൂരമായി അടിക്കുകയും ചെയ്തു. ആക്രമണത്തിൽ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സതീശൻ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കടയിലുണ്ടായിരുന്ന ഭാര്യ ഷീല വീട്ടിലേക്കുപോയ സമയത്താണ് സംഭവം. ഒടുവിൽ നാട്ടുകാരെത്തിയാണ് അക്രമിയെ പിന്തിരിപ്പിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടിരുന്നു. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.