കാസർകോട്: കാസർകോട് പ്രദേശത്തിന്റെ കുടിവെള്ളപ്രശ്നത്തിനു ശാശ്വതപരിഹാരമാകുന്ന ബാവിക്കര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി വീണ്ടും മുടങ്ങി. സ്ഥിരം തടയണ നിർമാണം എൺപതു ശതമാനവും പൂർത്തീകരിച്ചതായിരുന്നു.ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന തടയണയുടെ പ്രവൃത്തി പുനരാരംഭിക്കാൻ ഇന്നലെ കരാറുകാരൻ തൊഴിലാളികളുമായെത്തിയപ്പോഴാണ് ഇവിടേക്ക് നേരത്തേയുണ്ടായിരുന്ന വഴിവിട്ടു കൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിൽ പ്രദേശവാസികളിൽ ചിലരെത്തിയത്.
സാധനസാമഗ്രികളെത്തിക്കുന്നതിനു നേരത്തേ പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുകൊടുത്തതാണെന്ന് ബന്ധപ്പെട്ട എഞ്ചിനീയർമാർ പറയുന്നു. എന്നാൽ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്ന നിലപാടിലാണ് ഇപ്പോൾ പ്രദേശത്തെ ചിലരുള്ളത്.പ്രവൃത്തി മുടങ്ങിയതിനെ തുടർന്ന് മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ഡി. രാജന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പിന്നീട് ഉദ്യോഗസ്ഥർ പുതിയൊരു അലൈൻമെന്റ് റോഡിനായി നിർദ്ദേശിച്ചെങ്കിലും ഇതിലും തീരുമാനമുണ്ടായില്ല. അസി. എക്സിക്യുട്ടീവ് എൻജിനീയർമാരായ രത്നാകരൻ, എ. അനൂപ്, അസി എഞ്ചിനീയർ ഫെമി മരിയാ തോമസ്, ഓവർസീയർ കെ പ്രസാദ്, വികസനസമിതി ഭാരവാഹികളായ ഗോപിനാഥൻ നായർ, ഇ. കുഞ്ഞിക്കണ്ണൻ, അബ്ദുള്ളക്കുഞ്ഞി, എം.കെ ഹമീദ് തുടങ്ങിയവരും ചർച്ചയ്ക്കുണ്ടായിരുന്നു. അതേസമയം ബാവിക്കര പദ്ധതിക്ക് തുരങ്കം വെക്കുന്നത് നിക്ഷിപ്ത താല്പര്യക്കാരായ ചിലകരാറുകാരാണെന്ന് ആക്ഷേപം ശക്തമാണ്.
പതിറ്റാണ്ടുകളായി തുടരുന്ന പ്രവൃത്തിക്കായി പൊതുഖജനാവിൽ നിന്ന് കോടികളാണ് മൂന്ന് പുഴകളുടെ സംഗമ സ്ഥാനത്ത് ഒഴുക്കിക്കളഞ്ഞത്.ഈ ദുർവ്യത്തിന്റെ ഓഹരികൾ കൃത്യമായി കാസർകോട്ടെ വിവിധ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും ലഭിച്ചുവന്നിരുന്നത് പരസ്യമായ രഹസ്യമാണ്.നേരത്തെ കാസർകോട് നിയോജകമണ്ഡലത്തിലായിരുന്ന പദ്ധതി പ്രദേശം ഇപ്പോൾ ഉദുമ മണ്ഡലത്തിലാണ്.അതേസമയം കാസർകോട് മണ്ഡലത്തിലെ ജനങ്ങളാണ് പദ്ധതിയുടെ ഉപഭോക്താക്കൾ.ചട്ടഞ്ചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇപ്പോൾ പ്രവൃത്തിയുടെ കരാറുകാർഇക്കൊല്ലം ഫെബ്രവരിയിൽ തുടങ്ങിയ പ്രവൃത്തി വിസ്മയിപ്പിക്കുന്ന വേഗതയിലാണ് മുന്നോട്ട് നീങ്ങിയിരുന്നത്.അതിനിടയിലാണ് ചില അസൂയാലുക്കളുടെ പിന്തുണയോടെ പദ്ധതി തടയാൻ ചിലർ പാരയുമായി വന്നത്.