പ്രവാസികളുടെ ശ്രദ്ധയ്ക്ക്, വിലക്കുറവെന്ന് കരുതി വഴിയോര കച്ചവടക്കാരിൽ നിന്ന് ഭക്ഷണം കഴിക്കരുത്, കാത്തിരിക്കുന്നത് മഹാരോഗങ്ങൾ
റിയാദ് : അനധികൃത വഴിയോരക്കച്ചവടക്കാരിൽ നിന്ന് വിലകുറഞ്ഞ ഭക്ഷണം വാങ്ങി കഴിക്കരുതെന്ന് ആളുകൾക്ക് അധികൃതരുടെ മുന്നറിയിപ്പ്. നോർത്തേൺ എമിറേറ്റ്സിലെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് മുന്നറിയിപ്പ് നൽകിയത്. ഷാർജ, അജ്മാൻ, ഫുജൈറ മുനിസിപ്പാലിറ്റികൾ അനധികൃത തെരുവുഭക്ഷണ കച്ചവടക്കാർക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ട്. റംസാനോട് അനുബന്ധിച്ച് ഇത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ട്.ഗൾഫ് രാജ്യങ്ങളിൽ പ്രധാനമായും തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് അനധികൃത വഴിയോരക്കച്ചവടക്കാർ വിൽപ്പന നടത്തുന്നത്. റെസ്റ്റോറന്റുകളെ അപേക്ഷിച്ച് വിലക്കുറവുള്ളതിനാൽ പ്രവാസികൾ ഇവിടെ നിന്നും ലഘുഭക്ഷണം പതിവാക്കാറുണ്ട്. എന്നാൽ അനധികൃത കച്ചവടക്കാർ പലപ്പോഴും കാലഹരണപ്പെട്ട ചേരുവകൾ ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇത് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവാറുണ്ട്.